Thursday, March 31, 2011

ഗൂഗിള്‍ലാബ്

ഗൂഗിള്‍ സെര്‍ച്ച്‌: വെറും സെര്‍ച്ചിങ്ങിന്‌ മാത്രമല്ല, ഒരാളുടെ ദൈനംദിന ജീവിതത്തിലെ ഒട്ടേറെ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരം കൂടിയാണ്‌ പ്രശസ്തമായ ഈ സെര്‍ച്ച്‌എഞ്ചിന്‍. ഗൂഗിള്‍ സെര്‍ച്ചിനെ നിങ്ങളുടെ നിഘണ്ടുവായും കാല്‍ക്കുലേറ്ററായും നാണയവിനിമയവിവരകേന്ദ്രമായും കാലാവസ്ഥാവഴികാട്ടിയായുമൊക്കെ അനായാസം ഉപയോഗിക്കാനാകും. ഏതെങ്കിലും ഒരു ഇംഗ്ലീഷ്‌ വാക്കിന്റെ അര്‍ത്ഥമറിയണം എന്നിരിക്കട്ടെ. ഗൂഗിളുണ്ടെങ്കില്‍ ഡിക്ഷണറി തേടേണ്ട കാര്യമില്ല. സെര്‍ച്ച്ബോക്സില്‍ define എന്നടിച്ചിട്ട്‌ അര്‍ത്ഥമറിയേണ്ട വാക്കുകൂടി നല്‍കി സെര്‍ച്ച്‌ ചെയ്യുക. സെര്‍ച്ച്ഫലങ്ങളില്‍ ആദ്യത്തേത്‌ ആ വാക്കിന്‌ വിവിധ നിഘണ്ഡുക്കള്‍ നല്‍കിയിട്ടുള്ള അര്‍ത്ഥമായിരിക്കും.
സെര്‍ച്ച്‌ ചെയ്യുമ്പോള്‍ ഏറ്റവും പ്രധാനപ്പെട്ട സൈറ്റ്‌ മാത്രം മതിയെങ്കില്‍, സെര്‍ച്ച്‌ ബോക്സിന്‌ താഴെ കാണുന്ന 'I am Feeling Lucky'എന്ന സ്ഥാനത്ത്‌ ക്ലിക്ക്‌ ചെയ്യുക. ഉദാഹരണത്തിന്‌ NASA എന്നു സെര്‍ച്ച്‌ ചെയ്താല്‍ ലഭിക്കുക 7.9 കോടി വെബ്പേജുകളാണ്‌. ആ സ്ഥാനത്ത്‌ 'I am Feeling Lucky' ല്‍ ക്ലിക്ക്‌ ചെയ്താല്‍ നാസയുടെ മുഖ്യവെബ്സൈറ്റിലേക്കാണ്‌ നേരിട്ട്‌ എത്തുക. ഇതുകൊണ്ട്‌ സമയം ലാഭിക്കാം. സെര്‍ച്ചിങ്ങിന്റെ കൂടുതല്‍ സാധ്യതകള്‍ അറിയാന്‍ ആഗ്രഹിക്കുന്നവര്‍www.google.com/help/features.html#definitions സന്ദര്‍ശിക്കുക.
ഗൂഗിള്‍ ന്യൂസ്‌: മനുഷ്യരുടെ ഇടപെടല്‍ കൂടാതെ 4500 ആഗോള വാര്‍ത്താസ്രോതസ്സുകളില്‍ നിന്ന്‌, അനുനിമിഷം സ്വയംനവീകരിക്കപ്പെടുന്ന ന്യൂസ്‌ സര്‍വീസാണ്‌ ഗൂഗിളിന്റേത്‌. ഇഷ്ടമുള്ള പ്രോജക്ടുകള്‍ക്കായി ചെലവിടാവുന്ന 20 ശതമാനം സമയം ഉപയോഗിച്ച്‌, ഗൂഗിളിലെ ഇന്ത്യക്കാരനായ കൃഷ്ണഭരത്‌ എന്ന സോഫ്ട്‌വേര്‍ എഞ്ചിനിയറാണ്‌ ഗൂഗിള്‍ ന്യൂസ്‌ രൂപപ്പെടുത്തിയത്‌. 2001 സപ്തംബര്‍ 11-ന്‌ അമേരിക്കയിലുണ്ടായ ഭീകരാക്രമണമാണ്‌, വാര്‍ത്തകള്‍ എവിടെ നിന്നായാലും സ്വയം എത്തുന്ന തരത്തിലൊരു സോഫ്ട്‌വേറിനെപ്പറ്റിയുള്ള ചിന്ത കൃഷ്ണഭരതിന്റെ മനസിലുണര്‍ത്തിയത്‌. വിലാസം: news.google.com
ഗൂഗിള്‍ എര്‍ത്ത്‌: സാധാരണക്കാരെപ്പോലും പര്യവേക്ഷകരാക്കി മാറ്റാന്‍ സാഹായിക്കുന്ന വെബ്സേവനമാണ്‌ ഗൂഗിള്‍ എര്‍ത്ത്‌. ത്രിമാനവിര്‍ച്വല്‍ഭൂമിയാണിത്‌. ഭൂമുഖത്ത്‌ എവിടെയും പറന്നിറങ്ങാനും ഭൂമിയുടെ ഏതുകോണും സ്വന്തം കമ്പ്യൂട്ടറിലൂടെ സന്ദര്‍ശിക്കാനും സഹായിക്കുന്നു ഈ സോഫ്ട്‌വേര്‍. ഇന്റര്‍നെറ്റിന്റെയും മള്‍ട്ടിമീഡിയയുടെയും സാധ്യതകള്‍ക്ക്‌ ഏത്‌ അതിരുവരെ പോകാമെന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്‌ ഗൂഗിള്‍എര്‍ത്ത്‌. 'കീഹോള്‍'(Keyhole) എന്ന കമ്പനിയാണ്‌ 'ഗൂഗിള്‍എര്‍ത്തി'ന്റെ പ്രഥമിക രൂപം വികസിപ്പിച്ചത്‌. ആ കമ്പനി 2004-ല്‍ ഗൂഗിള്‍ വിലക്കുവാങ്ങി. കീഹോളില്‍ പ്രവര്‍ത്തിച്ചിരുന്ന ചിക്കായി ഒഹാസാമയാണ്‌ ഇപ്പോള്‍ ഗൂഗിള്‍ എര്‍ത്ത്‌ സംഘത്തിന്റെ മേധാവി. നാസയുടെ സഹകരണത്തോടെ, ഉപഗ്രഹങ്ങള്‍ പകര്‍ത്തുന്ന ഭൂമിയുടെ ത്രിമാന മാപ്പുകള്‍ ഗൂഗിള്‍ എര്‍ത്തില്‍ സന്നിവേശിപ്പിച്ചാണ്‌, അതുല്യമായ ഒരു അനുഭവമായി അതിനെ മാറ്റുന്നത്‌. നാസയുടെ സഹായത്തോടെ, ഗൂഗിള്‍ എര്‍ത്തിന്റെ മാതിരി ചന്ദ്രപര്യവേക്ഷണത്തിന്‌ 'ഗൂഗിള്‍മൂണും', ചൊവ്വാപര്യവേക്ഷണത്തിന്‌ 'ഗൂഗിള്‍മാഴ്സും' ഉപഭോക്താക്കള്‍ക്ക്‌ മുന്നിലെത്തിക്കാനുള്ള നീക്കത്തിലാണ്‌ ഗൂഗിള്‍ ഇപ്പോള്‍. ഗൂഗിള്‍ എര്‍ത്തിന്റെ വിലാസം: earth.google.com

http://kurinjionline.blogspot.com/2007/01/5.html

No comments:

Post a Comment